ഇടുക്കി: മയക്കുവെടി വയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അരിക്കൊമ്പൻ പെരിയകനാലിലെ ചോല വനത്തിൽ തുടരുകയാണ്. ഇന്നലെ 301 കോളനിക്ക് സമീപം എത്തിയ ആന ഇന്ന് രാവിലെയാണ് വീണ്ടും പെരിയകനാൽ എസ്റ്റേറ്റിന് മുകളിലേക്ക് കയറിയത്. ദൗത്യം വിലയിരുത്താൻ വനംമന്ത്രി എ കെ ശശീന്ദ്രൻ 25ന് ചിന്നക്കനാലിലെത്തും.
ഇപ്പോൾ അരിക്കൊമ്പൻ നിൽക്കുന്ന പെരിയകനാലിലെ ചോലക്കാട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് 301 കോളനിയും സിമന്റ് പാലവും. ഇതിനിടയിലാണ് ആനയിറങ്കൽ അണക്കെട്ട്. എസ്റ്റേറ്റിലെ തേയിലത്തോട്ടങ്ങളിലും ചോലക്കാട്ടിലും തുടരുന്ന ആന ഞായറാഴ്ചയോടെ ഇറങ്ങി വെരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കി താഴെയെത്തിക്കേണ്ടി വരും.
ദൗത്യം വിലയിരുത്താൻ ചിന്നക്കനാലിലേക്ക് എത്തുന്ന വനംമന്ത്രി ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ദൗത്യം വിജയിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. ആനപ്രേമികൾ കേസ് നൽകിയാൽ തിരിച്ചടി ഉണ്ടാകാതിരിക്കാൻ എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരിക്കും ദൗത്യം നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
അതേസമയം അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രനും കുഞ്ചുവും നാളെ വയനാട്ടിൽ നിന്ന് ചിന്നക്കനാലിലേക്ക് വരും.