കൊച്ചി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതിയേയും സംഘത്തെയും ലോഡ്ജ് ഉടമ മര്‍ദിച്ചു. കൊച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം. എറണാകുളം നോര്‍ത്തിലെ ബെന്‍ ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു മര്‍ദനം. ലോഡ്ജ് ഉടമ ബെന്‍ ജോ (38), സുഹൃത്ത് ഷൈജു (44) എന്നിവര്‍ പൊലീസിന്റെ പിടിയിലായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
കൊച്ചി എളമക്കര സ്വദേശിയായ ഇരുപത്തിനാലുകാരിയും സുഹൃത്തുക്കളും ഇന്നലെ ഈ ലോഡ്ജിലെത്തി മുറിയെടുത്തിരുന്നു. ഏഴു പേര്‍ക്കായി രണ്ടു മുറികളാണ് ബുക്ക് ചെയ്തത്. ഇന്നലെ രാത്രി ഇവർ പുറത്തുപോയ ശേഷം തിരിച്ചെത്തിയ സമയത്താണ് തർക്കം ഉടലെടുത്തത്. ലോഡ്ജ് ഉടമയുടെ ബന്ധു കൂടിയായ ഷൈജുവുമായാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് ഉടമ തർക്കത്തിൽ ഇടപെടുകയായിരുന്നു. വാക്കു തർക്കത്തിനു പിന്നാലെ, യുവതി ഉൾപ്പെടെ നാലുപേര്‍ മാത്രം മുറിയിലുണ്ടായിരുന്ന സമയത്ത് ലോഡ്ജ് ഉടമ കയറി വരികയും ഇവരോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി. ഇതിനെ യുവതിയും സുഹൃത്തുക്കളും ചോദ്യം ചെയ്തു. ഇതോടെ ലോഡ്ജ് ഉടമയും സുഹൃത്തും ചേർന്ന് ഇവരെ ബലമായി പുറത്താക്കാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇവർ മൂന്നു തവണ മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി.