ആലപ്പുഴ : ജില്ലയിൽ ഇന്ന് മുതൽ അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന ആലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് വെള്ളംഇറങ്ങിതുടങ്ങിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പകൽ മഴ പെയ്തില്ലെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ കുട്ടനാട്, അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിൽ വെള്ളം അതേനിലയിൽ തുടരുകയാണ്. ഈ മേഖലയിൽ നിന്ന് എൻഡിആർഎഫും അഗ്നിരക്ഷാസേനയും ജനങ്ങളെ ഒഴുപ്പിച്ച് അമ്പലപ്പുഴ, ചങ്ങനാശേരി താലൂക്കിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഓറഞ്ചും നാളെ യെല്ലോവുമാണ് മുന്നറിയിപ്പായി ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡ് ഗതാഗതം തടസപ്പെട്ടതോടെ നെടുമുടി കേന്ദ്രീകരിച്ച് ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസ് ആരംഭിച്ചു. ആലപ്പുഴ – ചങ്ങനാശ്ശേരി എ.സി. റോഡിൽ ഒന്നാംകരയ്ക്ക് കിഴക്കോട്ട് ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് പഞ്ചായത്ത് നിവാസികൾക്ക് ചങ്ങനാശേരി ഭാഗത്തേക്ക് പോകാൻ ബോട്ടുകൾ മാത്രമാണ് ആശ്രയം.
അപ്പർകുട്ടനാട്, കുട്ടനാട് മേഖലയിലെ ഗ്രാമീണറോഡുകളും ഇടറോഡുകളും വെള്ളത്തിൽ മുങ്ങി. എ.സി റോഡിൽ ആറിടത്താണ് വെള്ളംനിറഞ്ഞത്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നെടുമ്പ്രം, തലവടി, മുട്ടാർ, എടത്വ, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം കടലിലേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേയുടെ 39 ഷട്ടർ തുറന്നു. നിലവിൽ കടലാക്രമണ ഭീഷണിയില്ലെങ്കിലും വരും ദിവസങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുന്നതിനാൽ 20 മുതൽ 22 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരാത്ത സാഹചര്യത്തിൽ ഒഴിപ്പിക്കൽ നടപടികൾ ഇന്നലെ ഉണ്ടായില്ല. അടിയന്തര സാഹചര്യം നേരിടാൻ മത്സ്യത്തൊഴിലാളി സേന മങ്കൊമ്പിലും കൈനകരിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.