തിരുവനന്തപുരം: നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മന്ത്രി വി ശിവൻകുട്ടി. സോഷ്യൽ മീഡിയ എന്തും പറയട്ടെ. എൽ.ഡി.എഫിന്റെ സമരം ഒരു ദിവസം മാത്രമായിരുന്നെന്നും നിരന്തരമായി സമരം ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു ദിവസം നടത്തിയ സമരത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ട്. കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സമരം ചെയ്തതുകൊണ്ട് യു.ഡി.എഫിൻ്റെ സമരം ശരിയാണെന്ന് പറയാനാവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷ സത്യാഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഞങ്ങളെല്ലാവരും നേരത്തെ സഭയിൽ അംഗങ്ങളായിരുന്നവരാണ്. ശക്തമായി പ്രതിഷേധിക്കാൻ അവസരം ലഭിച്ചപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. സഭയിൽ ഇപ്പോൾ നടക്കുന്ന രൂപത്തിൽ പ്രതിഷേധിച്ചിട്ടില്ലെന്നും സമാന്തര സഭ ഇവിടെ സമ്മേളിച്ചിട്ടില്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ പ്രസ്താവന.
യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണം തടയാൻ ശ്രമിച്ചതിനെ തുടർന്ന് സഭയിൽ വൻ ബഹളമാണുണ്ടായത്. സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴേക്ക് തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തകർക്കുകയും ചെയ്തിരുന്നു. കേസ് ഉൾപ്പെടെയുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.