തൃശൂർ: കഴിഞ്ഞ ദിവസം രാത്രി മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ കൃഷിമന്ത്രി പി പ്രസാദ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. മാർച്ച് 24ന് രാത്രിയാണ് അക്രമികൾ ക്യാമ്പസിനുള്ളിൽ അതിക്രമിച്ച് കയറിയത്.
വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവരെ ജീവന് ഭീഷണിയായ രീതിയിൽ ആക്രമിച്ചത് ക്യാമ്പസിലുടനീളം പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അക്രമികൾക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
മണ്ണുത്തി കാർഷിക സർവകലാശാല ക്യാമ്പസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കോളേജ് ക്യാമ്പസിൽ അതിക്രമിച്ച് കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയായിരുന്നു ആക്രമണം. തോട്ടപ്പടി സ്വദേശി നൗഫലും സുഹൃത്ത് അജിത്തും ചേർന്നാണ് ആക്രമണം നടത്തിയത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.