തിരുവനന്തപുരം: ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റെ കൈയിലാണെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആഭ്യന്തരവകുപ്പ് ഒരു പ്രത്യേക ഗൂഢസംഘത്തിന്റെയും കൈയില്‍ അല്ല. ശരിയായ രീതീയില്‍ തന്നെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആലുവയില്‍ എട്ടുവയസുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അതില്‍ നമ്മുടെ നാടാകെ വേദനിക്കുന്നതുമാണ്. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നൂകൂടാ എന്നാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത്. കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ എന്നതാണ് ഏറ്റവും പ്രധാനം. ആലുവയില്‍ രണ്ടുസംഭവങ്ങള്‍ ഉണ്ടായത് പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്രമണങ്ങളില്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പൊലീസിനു സഹായികളായി പുഴയില്‍ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ സംഘടിച്ച് കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഭവങ്ങള്‍ തടയാന്‍ പൊലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പൊലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമര്‍ത്തുക തന്നെ ചെയ്യും. ഇതില്‍ പൊതുജനങ്ങളുടെയാകെ സഹായം പൊലീസിനു വേണ്ടതുണ്ട്.
ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്റ്റേഷനുകള്‍ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ചില പരിമിതികള്‍ പൊലീസ് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.