കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് റെജി മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുൻപിൽ ഹാജരാകുമെന്നും റെജി അറിയിച്ചു.പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് തന്റെ പഴയ ഫോണാണ് കൊണ്ടുപോയത്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ ഓയൂരിലെ വീട്ടിൽ സൂക്ഷിക്കാത്തത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്നും റെജി പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിൽ തന്നെയും യുണെെറ്റഡ് നഴ്സ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും റെജി ആരോപിച്ചു.
അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നതായി പെൺകുട്ടി മൊഴി നൽകി. സംഭവത്തിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രങ്ങൾ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മൂന്നുപേരുടെ രേഖാചിത്രങ്ങളാണ് കുട്ടിയുടെ സഹായത്തോടെ പൊലീസ് തയ്യാറാക്കിയത്. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ചിത്രങ്ങളാണ് തയ്യാറാക്കിയത്. കുട്ടിയെ പരിചരിച്ച സ്ത്രീയുടെയും കാർ ഡ്രൈവറുടെയും രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓർമ്മയില്ലെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.