കോട്ടയം: പഴയിടത്ത് ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ജെ നാസറാണ് വിധി പ്രസ്താവിച്ചത്.
2013 ഓഗസ്റ്റ് 28നാണ് ചിറക്കടവ് പഞ്ചായത്തിലെ പഴയിടത്ത് റിട്ടയേർഡ് പൊതുമരാമത്ത് സൂപ്രണ്ട് എൻ ഭാസ്കരൻ നായർ (75), ഭാര്യ റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തങ്കമ്മയുടെ സഹോദരന്റെ മകനാണ് പ്രതി അരുൺ.
കാർ വാങ്ങാൻ പണം കണ്ടെത്താനാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. തലയ്ക്ക് പിന്നിൽ ചുറ്റിക കൊണ്ട് അടിച്ച ശേഷം തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.