തൊടുപുഴ: ഇടുക്കിയിലെ ഒറ്റയൻ അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കി. ‘അരിക്കൊമ്പൻ ദൗത്യം’ ശനിയാഴ്ച നടക്കും. 25ന് ചിന്നക്കനാലിൽ സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടനാട് ഭാഗത്തേക്കുള്ള വഴിയിൽ ഗതാഗതം നിയന്ത്രിക്കും.
71 പേരടങ്ങുന്ന 11 സംഘത്തെയാണ് ദൗത്യം പൂർത്തിയാക്കാൻ നിയോഗിച്ചിരിക്കുന്നത്. 25ന് പുലർച്ചെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും. 301 കോളനികളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.
ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം വനംവകുപ്പ് ‘റേഷൻ കട കെണി’ വച്ച് കാത്തുനിൽക്കുമ്പോൾ അരിക്കൊമ്പൻ ഇന്നലെ പകൽ മുഴുവൻ ആനയിറങ്കൽ ശങ്കരപാണ്ഡ്യമെട്ടിലായിരുന്നു. ഇതിനിടെ പി.പി.കെ എസ്റ്റേറ്റിന് സമീപത്തെ അരുവിയിൽ ആന വെള്ളം കുടിക്കാനെത്തി. ശങ്കരപാണ്ഡ്യമെട്ടിൽ നിന്ന് താഴെ ഇറക്കി കൊച്ചി-ധനുഷ്കോടി ദേശീയപാതയും ആനയിറങ്കൽ ജലാശയവും കടന്ന് സിമന്റ് പാലത്തിൽ എത്തിച്ചാൽ മാത്രമേ അരിക്കൊമ്പനെ പിടികൂടാനാകൂ.