
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) സി മനോജ് കുമാർ. കുട്ടികൾ തമ്മിൽ സാധാരണ പോലെ ഉണ്ടായ സംഘർഷമല്ല ഉണ്ടായത്. കരുതിക്കൂട്ടിയുണ്ടാക്കിയതാണ്. കുട്ടികൾ സംഘർഷം ഉണ്ടാക്കുന്ന തരത്തിൽ ട്യൂഷൻ സെന്ററിൽ പരിപാടി സംഘടിപ്പിച്ചതിനെ കുറിച്ച് ഗൗരവതരമായ രീതിയിൽ അന്വേഷണം നടത്തും.
ആയുധം ഉപയോഗച്ചു കൊണ്ടുള്ള ആക്രമണം ഗൗരവമായിട്ടാണ് കാണുന്നത്. ഭീകരമായ ആക്രമണം തന്നെ മുഹമ്മദ് ഷഹബാസിന് നേരിടേണ്ടി വന്നു. ട്യൂഷൻ സെന്ററിൽ സർക്കാർ സ്കൂൾ അധ്യാപകർ പഠിപ്പിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും ട്യൂഷൻ സെന്ററുകളുടെ മേൽ പൊതു വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് നിയന്ത്രണമില്ല. ജെ ജെ ബോർഡിന്റെ നിരീക്ഷണം കൂടി വന്ന ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെൻ്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു.തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
