കോഴിക്കോട്: ചൊവ്വാഴ്ച വയനാട് ജില്ലയിൽ യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽ.എ. കളക്ട്രേറ്റ് പരിസരത്താണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ 24 മണിക്കൂർ പ്രക്ഷോഭം സംഘടിപ്പിക്കുക. കെ. മുരളീധരൻ എം.പി, രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുമെന്നും ടി. സിദ്ദിഖ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. വയനാട്ടിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയമാണ്. പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാവില്ല. ജനപ്രതിനിധികളെ അക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്. താനും മറ്റ് ജനപ്രതിനിധികളും പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പരാതിയുമില്ല.
പൊലീസിന് ജനങ്ങളുടെ മേൽ കുതിരകയറാൻ എം.എൽ.എമാരെ ഉപയോഗിക്കുന്നു. അത് അനുവദിക്കില്ല. എല്ലാ കേസുകളും ഒഴിവാക്കണമെന്നാണ് ആവശ്യം. വനംമന്ത്രിക്ക് സ്ഥലം സന്ദർശിക്കാൻ വേണ്ടിയാണ് കേസെടുക്കുന്നത്. ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം.
ജില്ലയിൽ വന്യജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശനത്തിന് പിന്നാലെ നൽകിയ സഹായത്തെക്കുറിച്ചും ടി.സിദ്ദിഖ് വിശദീകരിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിൻ്റെ ചികിത്സയ്ക്ക് 50,000 രൂപ നൽകും. ലക്ഷ്മണൻ്റെ കുടുംബത്തിന് സഹായധനം നൽകാൻ നിർദേശം നൽകി. പോളിൻ്റെ വീട് നിർമാണം പാർട്ടി പൂർത്തിയാക്കും. കുഞ്ഞവറാൻ്റെ കുടുംബത്തിന് വീടുവെച്ച് നൽകുമെന്നും അദ്ദേഹം അറിയിച്ചു.