ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്കർ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണിതെന്ന് സ്വര ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കാമെങ്കിൽ മാലെഗാവ് സ്ഫോടനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ എംപിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും സ്വര ചോദിച്ചു.
“ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവെപ്പും അക്രമവും നടത്താൻ ഒരു തീവ്രവാദിക്ക് പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് അച്ഛേ ദിൻ സംഭവിക്കുന്നത്,” സ്വര ട്വീറ്റ് ചെയ്തു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സ്വര ഭാസ്കർ പങ്കെടുത്തിരുന്നു. മധ്യപ്രദേശിൽ വെച്ചായിരുന്നു സ്വര യാത്രയുടെ ഭാഗമായത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ രാഹുലിനൊപ്പം നടക്കുന്ന സ്വരയുടെ ചിത്രം പങ്കുവച്ചിരുന്നു.