കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വീണ്ടും ചോദ്യം ചെയ്യലിനായി ഇഡിയ്ക്ക് മുന്നില്‍ ഹാജരായി. എന്നാല്‍, ആരോഗ്യകാരണത്താല്‍ ഇന്ന് മൊഴി നല്കാന് കഴിയില്ലെന്ന് സ്വപ്ന അറിയിച്ചു. കൂടുതല്‍ സാവകാശം വേണമെന്ന സ്വപ്നയുടെ ആവശ്യം ഇഡി ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മൊഴി നല്‍കുമെന്ന് സ്വപ്ന പറഞ്ഞു.
മെഡിക്കല്‍ രേഖകള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ ശേഷം സ്വപ്ന തിരുവനന്തപുരത്തേയ്ക്ക് മടങ്ങി. അതേസമയം, അഭിഭാഷകനെ ഓഫീസിലെത്തി കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് സ്വപ്ന ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്വപ്നയ്ക്ക് ഒപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സരിത്തും അഭിഭാഷകനെ കാണാന്‍ എത്തിയിരുന്നു.
കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. ഇതിന് പുറമെ, കള്ളപ്പണ ഇടപാടിനെ കുറിച്ച് ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളിലും സ്വപ്നയില് നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഇഡിയുടെ നീക്കം.