തിരുവനന്തപുരം: പൗരാവകാശങ്ങൾക്കും പത്രസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട നിർഭയനായ പോരാളിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകരും തലസ്ഥാനത്തെ പൗരാവലിയും പ്രണാമം അർപ്പിച്ചു. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടതിൻ്റെ 111-ാം വാർഷിക ദിനമായ ഇന്നലെ പ്രസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
രാവിലെ പാളയത്തെ സ്വദേശാഭിമാനി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ മന്ത്രിമാരായ ജി.ആർ. അനിൽ , ആൻ്റണി രാജു, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ സ്പീക്കർ എം. വിജയകുമാർ, BJP സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി , മുതിർന്ന മാദ്ധ്യമപ്രവർത്തകരായ കെ.പി. മോഹനൻ, എസ്.ആർ. ശക്തിധരൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സോണിച്ചൻ പി. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.