തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ അരുണിനു ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2021 ഓഗസ്റ്റ് 30നാണ് അരുൺ (29) സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് കൊലപാതകം.
ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വച്ചാണ് 20 കാരിയായ മകളെ 33 തവണ കുത്തി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛൻ ശിവദാസനുമൊപ്പമാണ് സൂര്യഗായത്രി വീടിനുള്ളിൽ ഇരുന്നത്. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതിലിൽകൂടി അകത്തുകയറിയ അരുൺ വീടിനുള്ളിൽ ഒളിച്ചു. വീട്ടിൽ കയറിയ സൂര്യഗായത്രിയെ അരുൺ ആക്രമിച്ചെന്നാണ് കേസ്.
തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ മർദ്ദിച്ച് നിലത്തേക്ക് ഇട്ടു. വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ ഇഴഞ്ഞ് വന്ന് മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അരുൺ അമ്മയെ ആക്രമിച്ചത്. സൂര്യഗായത്രി വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സൂര്യഗായത്രിയുടെ തല ചുമരിൽ ഇടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ട് സമീപത്തെ വീടിന്റെ ടെറസിൽ ഒളിക്കുകയായിരുന്നു.