കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ ഭൂ സര്‍വ്വേക്കെത്തിയവരെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വളർത്തുനായയുടെ കടിയേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി.ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ- റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര് ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.
ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടൻ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതിൽ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സർവേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ സര്‍വേ ഏജന്‍സി, കെ റെയില്‍ അധികൃതര്‍ക്ക് പരാതി നല്കി. സംഭവത്തിൽ പൊലീസിന് പരാതി നൽകാൻ ഒരുങ്ങുകയാണ് സർവേ ഏജൻസി. ബോധപൂർവ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയാണെന്ന് സർവേ ഏജൻസി ആരോപിക്കുന്നു.