തിരുവനന്തപുരം: കിറ്റെക്സ് കേരളത്തിലെ പദ്ധതികൾ ഉപേക്ഷിച്ച് തെലങ്കാനയിലേക്ക് പോയത് ഒരിക്കലും കുറ്റം പറയാനാവില്ലെന്ന് സുരേഷ് ഗോപി എംപി. അതിജീവനത്തിന്റെ മാർഗ്ഗം തേടിയാണ് അവർ പോയത്. താൻ മുഖ്യമന്ത്രിയായിരുന്നെങ്കിൽ ഒറ്റക്കോളിൽ പ്രശ്നം പരിഹരിച്ചേനെയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
‘പിണറായിയുടെ മൈൻഡ് സെറ്റൊക്കെ വ്യത്യാസമായിരിക്കും. അതിനെ ഞാൻ കുറ്റം പറയുന്നില്ല. പക്ഷെ ഞാൻ ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കിൽ കിറ്റെക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോൾ സെക്രട്ടറിയോട് പറഞ്ഞ് ഫോൺ എടുത്ത് വിളിപ്പിച്ചിട്ട് ‘കിറ്റെക്സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം’ എന്ന് പറഞ്ഞേനെ. ഒരു ജഡ്ജ് ആവാനുള്ള അധികാരം ഉണ്ട് മുഖ്യമന്ത്രിക്ക്. സാബു എന്തൊക്കെ തിരുത്തണം, ഉദ്യോഗസ്ഥർ തിരുത്തണം എന്നൊക്കെ ശിക്ഷാരൂപത്തിൽ പറഞ്ഞു മനസിലാക്കിയേനെ,’ സുരേഷ് ഗോപി പറഞ്ഞു.
തെലങ്കാനയിലേക്ക് പോയതിനെ ഒരിക്കലും കുറ്റം പറയാനാകില്ല. എല്ലാവർക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകൾ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് ഇതിന് കാരണം. ആരുടെയൊക്കേയോ അഹങ്കാരമാണ് അതിന് വഴി തെളിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. കുടുംബം പണയം വെച്ച് ഇൻവെസ്റ്റ് ചെയ്യാൻ നിൽക്കുന്ന ആളുകൾക്ക് അഹങ്കാരത്തെ മറികടക്കാൻ സാധിക്കുന്ന് കൗണ്ടർ ഓപറേഷൻ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.