തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ
സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. ‘സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്തരമൊരു സ്ത്രീവിരുദ്ധ പ്രസ്താവന സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ കേട്ടിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
പ്രസ്താവന പിൻവലിച്ച് സുരേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ആഭ്യന്തര വകുപ്പ് സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.
സുരേന്ദ്രനെതിരെ ശബ്ദമുയർത്താൻ പിണറായി വിജയനും എം വി ഗോവിന്ദനും ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരൻ, കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നാക്കുപിഴ സംഭവിച്ചാൽ വലിയ പ്രതികരണങ്ങൾ നടത്തുന്ന സി പി എം നേതാക്കളുടെയും സഹയാത്രികരുടെയും നാവ് താഴേക്ക് പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.