
അങ്കാറ: പലസ്തീന് ജനതയുടെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ വിവിധ പാര്ലമെന്റുകള് കര്‍മ്മപദ്ധതിയുണ്ടാക്കണമെന്ന് ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം നിര്‍ദേശിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ സാന്നിധ്യത്തില്‍ നടന്ന, പലസ്തീനെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റ് തലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര നിയമത്തിന്റെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന് പാര്ലമെന്റുകള് അവരുടെ നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഉപയോഗിക്കണം. ഈയിടെ ഈജിപ്തില്‍ നടന്ന അടിയന്തര അറബ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാനിലെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 150ാമത് ജനറല്‍ അസംബ്ലിയില്‍ പാസാക്കിയ ‘പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക്’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ അദ്ദേഹം പിന്തുണച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം ഫലസ്തീനെ പിന്തുണച്ച് പുതുതായി സ്ഥാപിതമായ പാര്‍ലമെന്ററി വേദിയുടെ പ്രവര്‍ത്തന സംവിധാനങ്ങളെയും പ്രവര്‍ത്തന അജണ്ടയെയും കുറിച്ച് ആലോചിക്കുന്നതിനായി ഒരു വട്ടമേശ സമ്മേളനം നടന്നു. ബഹ്റൈന്റെ നിര്‍ദ്ദേശങ്ങള്‍ യോഗം സ്വാഗതം ചെയ്തു. 17 വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ‘ഇസ്താംബുള്‍ പ്രഖ്യാപനം’ എന്ന് പേരിട്ട അന്തിമ പ്രഖ്യാപനത്തില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തു.
