
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സണ്ണി ജോസഫ്. യുഡിഎഫും സുശക്തമാണ്. തെരഞ്ഞെടുപ്പിന്റെ സാഹചര്യം ഉണ്ടായപ്പോല്‍ തന്നെ കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റികളും സുസജ്ജമാണ്. തെരഞ്ഞെടുപ്പ് യുഡിഎഫ് അനായാസം, മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് ഉടന്‍ തന്നെയുണ്ടാകും. നേതാക്കളെല്ലാം പല സ്ഥലത്താണുള്ളത്. എല്ലാവരുമായും ഉടന്‍ ആശയവിനിമയം നടത്തും. സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് അന്തിമമായി അനുമതി നല്‍കേണ്ടത്. അതിന്റെ സാങ്കേതിക കാര്യങ്ങളെല്ലാം തീര്‍ത്താല്‍ എത്രയും പെട്ടെന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി സംബന്ധിച്ച് ഫൈനലായിട്ടില്ല. അര്‍ഹതയുള്ള നിരവധി പേരുകളുണ്ട്. എല്ലാ പേരുകളും ഗൗരവത്തോടെ പരിഗണിക്കും. ജനങ്ങളുമായി നല്ല ബന്ധമുള്ള, മുന്‍ ജനപ്രതിനിധിയായിരുന്ന വ്യക്തിയാണ് പി വി അന്‍വര്‍. രാഷ്ട്രീയ അനുഭവസമ്പത്തുള്ള നേതാവാണ്. അദ്ദേഹത്തിന് യുഡിഎഫിനെ നല്ലരീതിയില്‍ സഹായിക്കാനാകും. അന്‍വറിന് പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവിരുദ്ധ വികാരം ജനങ്ങള്‍ക്കിടയിലുണ്ട്. അതിനൊപ്പം അന്‍വറിന്റെ പങ്കാളിത്തവും യുഡിഎഫിന് മുതല്‍ക്കൂട്ടാകും. ഉപതെരഞ്ഞെടുപ്പ് മഴയ്ക്ക് മുമ്പേ നടത്താമായിരുന്നു. നേരത്തേ നടത്തേണ്ടതായിരുന്നു. ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് വൈകിയാണെങ്കിലും നടക്കുന്നത്. മഴയുണ്ടാകുന്നത് പ്രചാരണങ്ങളെയും കുറെയൊക്കെ ബാധിക്കും. എങ്കില്‍പ്പോലും നിലമ്പൂരിലെ പ്രബുദ്ധ വോട്ടര്‍മാര്‍ കാലാവസ്ഥയുടെ എല്ലാ പ്രതികൂല സാഹചര്യത്തെയും അവഗണിച്ചും യുഡിഎഫിന്റെ വിജയത്തിനു വേണ്ടി ശക്തമായി രംഗത്തിറങ്ങും. സണ്ണി ജോസഫ് പറഞ്ഞു.
