മനാമ: സ്പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ 15-ാം പതിപ്പിന് ഇന്ന് തുടക്കമായി. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ്, ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ്, ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾച്ചർ ആന്റ് റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാർഷിക ഉത്സവമാണ് സ്പ്രിംഗ് ഓഫ് കൾച്ചർ. അൽബറേ ആർട്ട് ഗ്യാലറിയുടേയും ലാ ഫോണ്ടെയ്ൻ സെന്റർ ഫോർ കണ്ടംപററി ആർട്ടിന്റെയും സഹകരണത്തോടുകൂടിയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
ഫെബ്രുവരി 9 മുതൽ ഏപ്രിൽ 30 വരെയാണ് പരിപാടി നടക്കുന്നത്. പ്രാദേശിക , അന്താരാഷ്ട്ര കലാകാരന്മാരുടെ പ്രകടനങ്ങൾ, പ്രഭാഷണങ്ങൾ, ആർട്ട് എക്സിബിഷനുകൾ, സാംസ്കാരിക ഷോകൾ, വർക്ക് ഷോപ്പുകൾ, മൂവി സ്ക്രീനിംഗ്, തിയേറ്റർ, ഡാൻസ് ഫോമുകൾ, സംഗീതം തുടങ്ങി നിരവധി പരിപാടികൾ രാജ്യത്തിന്റെ വിവിധ വേദികളിൽ പ്രദർശിപ്പിക്കും. ടുണീഷ്യൻ, ജാപ്പനീസ്, ശ്രീലങ്കൻ, ബ്രിട്ടീഷ് തുടങ്ങിയ എംബസികളുമായി കൈകോർത്ത് വൈവിധ്യമാർന്ന അന്താരാഷ്ട്ര സംസ്കാരങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയാണ് സ്പ്രിങ് ഓഫ് കൾച്ചർ ഫെസ്റ്റിവൽ.
കുട്ടികൾക്കായി തത്സമയ വിനോദ പരിപാടികൾ, അറബ് ടൂറിസം ദിനം, വാർഷിക ഫുഡ് ഈസ് കൾച്ചർ ഇവന്റ്, 19-ാം ബഹ്റൈൻ ഇന്റർനാഷണൽ ബുക്ക് ഫെയർ തുടങ്ങിയവയെല്ലാം സ്പ്രിംഗ് ഓഫ് കൾച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തും. ഗ്രാമി അവാർഡ് ജേതാവ് ലോറിൻ ഹിൽ, പലസ്തീൻ പിയാനിസ്റ്റ് ഫാഡി ഡീബിന്റെയും പലസ്തീൻ-ജാപ്പനീസ് ആർട്ടിസ്റ്റ് മറിയം താമരിയുടെയും സംയുക്ത പ്രകടനം പരിപാടിയുടെ പ്രത്യേകതകളായിരിക്കും.
ഫോട്ടോ: സനുരാജ്