തിരുവനന്തപുരം: ഗുണ്ടകളെ നേരിടാന്‍ പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കും. എല്ലാ ജില്ലയിലും രണ്ടു വീതം സ്ക്വാഡുകളുണ്ടാകും. എഡിജിപി മനോജ് ഏബ്രഹാം നോഡൽ ഓഫിസറാകും. അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കുന്നതും ലഹരി മാഫിയയെ അമർച്ച ചെയ്യലും സ്ക്വാഡിന്റെ ചുമതലയാണ്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം.
അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സോണല്‍ ഐജിമാര്‍, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കു നിര്‍ദേശം നല്കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയിഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. അവര്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിക്കണം. ഇവര്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്നും നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
