തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ ഗവേര്‍ണന്‍സിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളില്‍ ദൈനംദിനം വേണ്ടി വരുന്ന വൈദ്യുതി, സ്ഥാപനങ്ങളുടെ മേല്ക്കൂരകളില് തന്നെ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് ലഭ്യമാക്കാനുള്ള സാധ്യത തേടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പദ്ധതി നടത്തിപ്പിലേക്കായി ലോകബാങ്ക് സൗരോര്‍ജ്ജ റൂഫ്ടോപ്പ് പദ്ധതിയ്ക്കായി രാജ്യത്തിന് അനുവദിച്ച ഫണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം അനര്‍ട്ട് ഒപ്പ് വച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡു ആയി 21 കോടി രൂപയാണ് അനര്‍ട്ടിന് അനുവദിച്ചത്. ഇത്തരം പദ്ധതി കേരളത്തില്‍ ആദ്യമായാണ് നടപ്പിലാക്കുന്നത്.
ഈ പദ്ധതി നടത്തിപ്പിനായി തിരുവനന്തപുരം ജില്ലയിലെ നാന്നൂറോളം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സാധ്യത പരിശോധന നടത്തി വരികയാണ്. സോളാര്‍ സിറ്റി എന്ന നിലയില്‍ തിരുവനന്തപുരം കോര്പ്പറേഷന് മുന്‍ഗണന നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷത്തെ ആവറേജ് ബില്ല് പ്രകാരം നിശ്ചയിക്കുന്ന തുകയാണ് വാര്‍ഷികമായ വൈദ്യുതി ബില്ലിനത്തില്‍ അനര്‍ട്ടിന്റെ അക്കൌണ്ടിലേക്ക് ഒടുക്കേണ്ടത്. മുടക്ക് മുതല്‍ തിരിച്ചു ലഭിക്കുന്ന മുറയ്ക്ക് സൗരോര്‍ജ്ജ പ്ലാന്റ് അതാത് സ്ഥാപനത്തിന് കൈമാറുന്നതാണ്. കൂടാതെ, സ്ഥാപനങ്ങള്‍ക്ക് മുടക്ക് മുതല്‍ ഒന്നായോ ഭാഗികമായോ അടച്ച് പദ്ധതി സ്വന്തം പേരിലേക്ക് മാറ്റാനുള്ള അവസരം ഉണ്ടായിരിക്കും.
പദ്ധതി നടത്തിപ്പിനായുള്ള മുഴുവന്‍ ചിലവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോണ്‍ വഴി അനര്‍ട്ട് കണ്ടെത്തും. ഇങ്ങനെ പദ്ധതി നിര്‍വ്വഹിക്കുവാനായി സ്ഥാപനങ്ങള്‍ അനര്‍ട്ടുമായി കരാറില്‍ ഏര്‍പ്പെടേണ്ടതാണ്. കരാര്‍ കാലാവധി പ്ലാന്റുകളുടെ സൈസ് അനുസരിച്ച് 7 മുതല്‍ 15 വര്‍ഷം വരെ ആണ്. കാലാവധി തീരുന്ന മുറയ്ക്ക് പ്ലാന്റ്, സ്ഥാപനത്തിന് അനര്‍ട്ട് കൈമാറുകയും ചെയ്യും. അധികം വരുന്ന വൈദ്യുതി സ്ഥാപനങ്ങള്‍ കെ എസ് ഇ ബിയ്ക്ക് വില്‍ക്കാവുന്നതാണ്. ഇത് സ്ഥാപനത്തിന് അധിക വരുമാനവും ലഭ്യമാക്കും.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ കാര്‍ബണ്‍ ന്യൂട്രല്‍ ഗവേര്‍ണന്‍സ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അനര്‍ട്ട് നടപ്പിലാക്കുന്നത്.