നാഗോണ്‍(അസം): മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണാന്‍ വിസമ്മതിച്ചതിന് ആറുവയസ്സുകാരിയെ തല്ലിക്കൊന്നു. അസമിലെ കലിയാബോര്‍ സബ് ഡിവിഷനിലെ നിജോരിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പതിനൊന്നും എട്ടും വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ മറച്ചുവെച്ചതിന് പ്രതികളില്‍ ഒരാളുടെ അച്ഛനും പിടിയിലായി.
തിങ്കളാഴ്ച വൈകീട്ട് വീടിനടുത്ത ക്രഷര്‍ മില്ലിന്റെ ശൗചാലയത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്ന വിവരം പ്രതികള്‍തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
കൊല്ലപ്പെട്ട കുട്ടിയും അറസ്റ്റിലായവരും സുഹൃത്തുക്കളായിരുന്നുവെന്ന് നാഗോണ്‍ പോലീസ് സൂപ്രണ്ട് ആനന്ദ് മിശ്ര പറഞ്ഞു. അവര്‍ പെണ്‍കുട്ടിയോട് ഫോണിലെ അശ്ലീല വീഡിയോകള്‍ കാണാന്‍ ആവശ്യപ്പെട്ടു. കുട്ടി വിസമ്മതിച്ചപ്പോള്‍ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് അറിയിച്ചു.