മലപ്പുറം: ദുബായിൽ നിന്ന് പാർസലായി പോസ്റ്റ് ഓഫീസ് വഴി കടത്താൻ ശ്രമിച്ച സ്വർണം മലപ്പുറത്തെ മൂന്നിയൂരിൽ ഡി ആർ പി സംഘം പിടിച്ചെടുത്തു. 6.300കിലോ സ്വർണമാണ് പോസ്റ്റ് ഓഫീസ് വഴിയാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.അതേസമയം, കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി രണ്ട് യാത്രക്കാരിൽ നിന്നായി 1.60 കോടി രൂപയുടെ അനധികൃത സ്വർണം പിടികൂടിയിരുന്നു. ചൊവ്വാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ ദുബായിൽനിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫിൽ നിന്ന് 1812 ഗ്രാം സ്വർണം പിടികൂടി.
ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസിന് (ഡി.ആർ.ഐ) ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കൊച്ചി എയർ കസ്റ്റംസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1157.32 ഗ്രാം തൂക്കമുള്ള നാല് സ്വർണ ഗുളികകളും 654.79 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്. 80 ലക്ഷത്തിലേറെ രൂപ വിലവരും.