ഹൈദരാബാദ്: സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് (സൈമ) പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
2019ലെ പുരസ്കാരങ്ങള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്കാരം. ഇതില്‍ 2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളില് മികച്ച നടന് മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ക്കാണ് മികച്ച നടിക്കുള്ള പുരസ്കാരം. മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന് നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്) എന്നിവരായിരുന്നു.
ജല്ലിക്കെട്ട് ചിത്രത്തിലെ സംവിധാന മികവ് പരിഗണിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം മൂത്തോനിലെ അഭിനയത്തിലൂടെ നിവിന്‍ പോളിക്ക് ലഭിച്ചു. 2019ലെ മികച്ച സിനിമയായി പരിഗണിച്ചതും ലൂസിഫറിന് തന്നെയാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബേസില്‍ ജോസഫ് മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വില്ലനുള്ള പുരസ്കാരം ഇഷ്കിലെ പ്രകടനത്തിലൂടെ ഷൈന്‍ ടോം ചാക്കോയ്ക്ക് ലഭിച്ചു.
സഹനടന്‍- റോഷന് മാത്യു (മൂത്തോന്), സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍), പുതുമുഖ നടി- അന്ന ബെന്‍ (കുമ്ബളങ്ങി നൈറ്റ്സ്), നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ), പിന്നണി ഗായകന്- കെ.എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്), പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്), വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്ബിളി), ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: ഷീല എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങള്‍.
മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജു വാര്യരാണ്. അസുരനിലെ പ്രകടനത്തിനാണ് പുരസ്കാരം. അസുരനില്‍ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. അസുരന് സംവിധാനം ചെയ്ത വെട്രിമാരന് ആണ് മികച്ച തമിഴ് സംവിധായകന്. കാർത്തിയുടെ 2019 റിലീസ് ചിത്രമായ കൈതി നിരവധി സൈമ അവാർഡുകൾ നേടിയ ചിത്രങ്ങളിലൊന്നായി മാറി. മികച്ച തമിഴ് ചിത്രത്തിനുള്ള അവാർഡ് ഈ ചിത്രം നേടി.
മഹേഷ് ബാബു 2019 ലെ മഹര്‍ഷി എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. സാമന്തയാണ് മികച്ച തെലുങ്ക് നടിക്കുള്ള പുരസ്കാരം നേടിയത്. ഓ ബേബി എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്കാരം.