പാലക്കാട് : സെമി ഹൈസ്പീഡ് ട്രെയിനുകൾക്ക് സിൽവർലൈൻ പദ്ധതി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വേഗം ലഭിക്കില്ലെന്ന് വ്യക്തമാക്കി റെയിൽവേ. പദ്ധതിയുടെ രേഖയിലെ ലൈനിൽ വളവുകളും കയറ്റങ്ങളും ഏറെയുണ്ട്. അത് ട്രെയിനിന്റെ വേഗതയെ ബാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത ഒരിക്കലും ലഭിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.
അതിവേഗത്തിൽ ട്രെയിനുകൾ ഓടിക്കേണ്ട പാളങ്ങൾ നേർരേഖയിലായിരിക്കണം. എന്നാൽ സിൽവർലൈൻ പദ്ധതിരേഖയിൽ പലയിടത്തും വളവുകൾ സാധാരണ റെയിൽവേയിലേത് പോലെ തന്നെയാണ്. കയറ്റങ്ങൾ ഏറെയുണ്ട്. 4 കിലോമീറ്ററിലധികം ദൂരമെടുത്ത് തിരിയേണ്ട പല വളവുകളും ഒരു കിലോമീറ്ററിൽ താഴെ നീളത്തിൽ തിരിയുന്ന രീതിയിലാണ്.
മണിക്കൂറിൽ 250 കിലോമീറ്റർ സ്പീഡ് ലഭിക്കാൻ ബ്രോഡ്ഗേഡജ് ലൈനിന് 4,000 മീറ്റർ റേഡിയസ് എങ്കിലും ആവശ്യമാണ്. എന്നാൽ സിൽവർലൈനിന് ഇത് 1850 മാത്രമേ ഉള്ളൂ. സ്റ്റേഷന് സമീപം അത് 650 മീറ്റർ മാത്രമാണ്.
റെയിൽവേ സുരക്ഷാ നിയമമനുസരിച്ച് 200 കിലോമീറ്റർ ശരാശരി വേഗം ലഭിക്കാൻ ട്രയൽ റണ്ണിൽ 220 കിലോമീറ്റർ വേഗമെടുക്കാൻ സാധിക്കണം. എന്നാൽ സിൽവർലൈനിന് അത് അസാദ്ധ്യമാണ്. ഇത് സുരക്ഷാ സർട്ടിഫിക്കേറ്റ് കിട്ടാൻ തടസ്സമാകുമെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.