ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. യുപി ചീഫ് സെക്രട്ടറി, ഡിജിപി, മഥുര ജില്ലാ ജയില്‍ സീനിയര്‍ സൂപ്രണ്ട്, ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിമാര്‍ തുടങ്ങി അഞ്ച് പേരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി. അഭിഭാഷകന് വില്‍സ് മാത്യൂസ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. സിദ്ദിഖ് കാപ്പന് വൈദ്യ സഹായം നല്‍കണമെന്ന് കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഈ ഉത്തരവ് പൂര്‍ണമായും നടപ്പാക്കിയില്ലെന്ന് കെയുഡബ്ല്യയുജെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധയും പ്രമേഹവും കാരണം സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ പൂര്‍ത്തിയാകും മുമ്പ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു. ഇത് കോടതിയലക്ഷ്യമാണ്. ചികിത്സ വൈകിയാല്‍ വലിയ നഷ്ടമുണ്ടാകും. സിദ്ദിഖ് അറസ്റ്റിലായിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
