തിരുവനന്തപുരം : പീഡന പരാതിയിൽ നടൻ സിദ്ധിഖിനെതിരെ യുവനടിയുടെ മൊഴിയിൽ ഗുരുതര പരാമർശങ്ങൾ. സിദ്ദിഖ് നടത്തിയത് ക്രൂരപീഡനമാണെന്നും പുറത്തുപറഞ്ഞാൽ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും നടിയുടെ മൊഴിയിൽ പറയുന്നു. പീഡനത്തിന് ശേഷമുള്ള സമ്മർദ്ദം താങ്ങാവുന്നതിലധികമായിരുന്നു. വിഷാദത്തിന്റെ വക്കിലേക്ക് പോയി. ഏറെ നാളെടുത്താണ് അതിനെ അതിജീവിച്ചതെന്നും മൊഴിയിലുണ്ട്. മ്യൂസിയം പൊലീസിനാണ് നടി മൊഴി നൽകിയത്.
യുവനടിയുടെ വൈദ്യപരിശോധനയും നടത്തി. തിരുവനന്തപുരത്തെ കോടതിയിൽ വനിതാ മജിസ്ട്രേറ്റിനു മുന്നിൽ നാളെ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.
2016ൽ മാസ്കോട്ട് ഹോട്ടലിൽ സിദ്ദിഖ് മാനഭംഗപ്പെടുത്തിയെന്ന പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറയുന്ന ദിവസങ്ങളിലെ രേഖകൾ ഹാജരാക്കാൻ മാസ്കോട്ട് ഹോട്ടൽ അധികൃർക്കും പൊലീസ് നിർദ്ദേശം നൽകി. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും ഇതിനുശേഷം സിനിമാ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് മൊഴി.
ഡി.ജി.പിക്ക് ലഭിച്ച പരാതി പ്രത്യേക അന്വേഷണ സംഘം വഴിയാണ് കേസെടുക്കാനായി മ്യൂസിയം പൊലീസിന് കൈമാറിയത്. പരാതിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന സിദ്ദിഖിന്റെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.