കാഠ്മണ്ഡു: നേപ്പാളി കോൺഗ്രസ് പാർട്ടി പ്രസിഡന്റ് ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റു. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 76(4) പ്രകാരമാണ് പ്രസിഡന്റ് ബിദ്ദ്യാ ദേവി ഭണ്ഡാരി ഷേർ ബഹാദൂർ ദുബെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ഇത് അഞ്ചാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രിയായി ദുബെ ചുമതലയേൽക്കുന്നത്.
ഷേർ ബഹാദൂർ ദുബെയെ രണ്ട് ദിവസത്തിനകം പ്രധാനമന്ത്രിയായി നിയമിക്കാനാണ് പ്രസിഡന്റ് ബിദ്ദ്യാ ദേവി ഭണ്ഡാരിയോട് സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടത്. നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിടാനുള്ള ശർമ്മ ഒലിയുടെ തീരുമാനത്തെ റദ്ദാക്കിയ കോടതി സഭ പുനസ്ഥാപിക്കാൻ ഉത്തരവിട്ടിരുന്നു. പാർലമെന്റിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടിട്ടും പ്രധാനമന്ത്രി കെ.പി.ഒലിക്ക് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ ഇടപെടൽ.
ദുബയ്ക്ക് അനുകൂലമായി 271 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിൽ 149 അംഗങ്ങൾ ഒപ്പിട്ട നിവേദനം ഭണ്ഡാരി തള്ളിയിരുന്നു. പ്രസിഡന്റ് ചെയ്ത ഭരണഘടനാപരമായ തെറ്റായ നടപടികൾ റദ്ദാക്കണമെന്നും പാർലമെന്റ് പുനഃസ്ഥാപിച്ച് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്നും ആവശ്യപ്പെട്ട് 146 പേർ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകുകയായിരുന്നു.
ഷേർ ബഹാദൂറിനെ പ്രധാനമന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നും സഭ പുനഃസ്ഥാപിച്ച് ജൂലൈ 18 നു വിളിച്ചുചേർക്കണമെന്നും അഞ്ചംഗ ബഞ്ച് ഇന്നലെ ഉത്തരവിട്ടു. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് നേപ്പാൾ പാർലമെന്റ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നത്. ഡിസംബർ 20 നും പിന്നീട് മേയ് 23 നും സഭ പുനഃസ്ഥാപിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
