കൊച്ചി: നടൻ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവതി രംഗത്ത്. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോൾ നടൻ പല തവണ കടന്നു പിടിച്ചതായും ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാൻ ശ്രമിച്ചെന്നും യുവതി റെഡ്ഡിറ്റിലൂടെ ആരോപിച്ചു. യുവതിയുടെ വെളിപ്പെടുത്തലിനോട് നടൻ ഇത് വരെ പ്രതികരിച്ചിട്ടില്ല. സിനിമയിൽ തിരക്കുള്ള നടൻ ആകുന്നതിന് മുൻപ് അഭിനയം പഠിപ്പിച്ചിരുന്ന കാലത്ത് നടൻ നടത്തിയ അതിക്രമമാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
നടൻ അഭിനയം മെച്ചപ്പെടുത്താനെന്ന പേരിൽ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. അതിക്രമം രൂക്ഷമായതോടെ ക്ലാസ് നിർത്തിയെങ്കിലും ഫോണിലൂടെ ലൈംഗിക ചുവയിൽ സംസാരിക്കുന്നത് തുടർന്നെന്ന് യുവതി പറയുന്നു. തുടർന്ന് അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവർ പിന്തുണച്ചില്ലെന്ന് യുവതി വെളിപ്പെടുത്തി. അതിക്രമത്തിന്റെ ഞെട്ടലിൽ നിന്നും വിട്ടുമാറാൻ കഴിയാതെ അനീഷിനെ സ്ക്രീനിൽ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നുവെന്നും യുവതി പറയുന്നു.
