കോഴിക്കോട് : ഹരിത പ്രവർത്തകരുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എംഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി. കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. കോഴിക്കോട് വെള്ളയിൽ പോലീസിന്റേതാണ് നടപടി.
യോഗത്തിനിടെ ഹരിത നേതാക്കളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ഇതിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (എ) വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്.
വനിതാ കമ്മീഷനിൽ ഹരിത നേതാക്കൾ നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം നൽകിയ അന്ത്യശാസനം വനിതാ നേതാക്കൾ നിരസിച്ചിരുന്നു. ഇതേ തുടർന്ന് ഹരിതയുടെ പ്രവർത്തനം മരവിപ്പിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.