തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് കൊല്ലം സ്വദേശിയായ യുവതിയെ കടന്നുപിടിച്ച പ്രതി ഷിഹാബുദ്ധീനെ(27) ഫോർട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയായ ഇയാളെ സംഭവം നടന്ന് മൂന്നാം ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് യുവതിയ്ക്ക് നടുറോഡിൽ വെച്ച് ദുരനുഭവമുണ്ടായത്.
അമ്മയ്ക്കൊപ്പം വസ്ത്രം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി നടുറോഡിൽ വെച്ച് യുവതിയെ കടന്നുപിടിച്ച ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സ്വർണപ്പണിക്കാരനായ ഷിഹാബുദ്ധീന്റെ ചാലയിലെ താമസസ്ഥലത്ത് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അതിക്രമത്തിനിരയായ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.