
മനാമ: ബഹ്റൈനിൽ നൈറ്റ് ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ 24കാരായ രണ്ട് ഗൾഫ് പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ഓഗസ്റ്റ് ഒന്നിന് രാത്രി 10 മണിയോടെ നടന്ന ഒരു തർക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് നൈറ്റ് ക്ലബ്ബ് മാനേജർ പറഞ്ഞു. ലഹരിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് എത്തിയ രണ്ട് യുവാക്കൾ ക്ലബ്ബിലേക്ക് നിയമം ലംഘിച്ചു മദ്യം കൊണ്ടുവരാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാർ ഇവരെ പുറത്താക്കി. തുടർന്ന് ഇവർ വഴക്കുണ്ടാക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. മൂന്നു മണിക്കൂർ കഴിഞ്ഞ്, ഏതാണ്ട് പുലർച്ചെ ഒരു മണിയോടെ ഇവർ കാറോടിച്ചെത്തി ക്ലബ്ബിന് പുറത്തുനിൽക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ കാറിടിപ്പിച്ചു. ഇതിൽ ഒരാൾ 10 മീറ്റർ അകലെയുള്ള അഴുക്കുചാലിലേക്ക് തെറിച്ചു വീണതിനെ തുടർന്നുണ്ടായ പരിക്കേറ്റു മരിച്ചു. മറ്റു രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതിന് തുടർന്നാണ് ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കൊലക്കുറ്റം ചുമത്തിയത്.
