കോട്ടയം: ഡിജിറ്റൽ മേഖലയിലെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്ട്രത്തലവന്റെ പ്രതിനിധി എന്ന നിലയിൽ ഉന്നതതല സംഘത്തെ നയിക്കുന്നയാളാണ് ഷെർപ. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.
ലോകത്തിലെ വികസിതവും വികസ്വരവുമായ രാജ്യങ്ങൾ ചേർന്ന് 1999 ലാണ് ജി 20 രൂപീകരിച്ചത്. ലോകജനസംഖ്യയുടെ 65 ശതമാനവും ഈ രാജ്യങ്ങളിലാണ്. ലോക ജിഡിപിയുടെ 85 ശതമാനവും ഈ രാജ്യങ്ങളുടെ കൈവശമാണ്. അതുകൊണ്ട് തന്നെ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ജി 20 ഗ്രൂപ്പിന്റെ തീരുമാനങ്ങൾ നിർണായകമാണ്. 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് ജി 20.
ജി 20 യുടെ സാമ്പത്തിക വികസന മുൻഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും 4 ദിവസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്യും. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നേതാക്കൾ നടത്തുന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാന രൂപീകരണത്തിന് ഇവിടെ തുടക്കം കുറിക്കും. ഷെർപകളുടെ 13 പ്രവർത്തക സമിതികൾക്ക് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്യും.