
യുകെയിലെ റോയല്‍ നേവിയില്‍ (നാവികസേന) ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. മെസ് ഡ്രസ് കോഡ് നയത്തിലാണ് നാവികസേന കാര്യമായ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഔപചാരിക ചടങ്ങുകളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ജീവനക്കാര്‍ക്ക് സാരി ധരിക്കാനുള്ള അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകെയിലെ സാംസ്കാരിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ സാരി കൂടി ഉള്‍പ്പെടുത്തിയത്.
നാവിക സേനയിലെ സാംസ്കാരിക തുല്യത സംരംഭത്തിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതെന്ന് നാവിക സേനയുടെ റേസ് ഡൈവേഴ്സിറ്റി നെറ്റ്വര്‍ക്കിന്റെ ചെയര്‍മാനായ ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി പറഞ്ഞു.
’’ റോയല്‍ നേവി റേസ് ഡൈവേഴ്സിറ്റി നെറ്റ് വര്‍ക്കിന്റെ അധ്യക്ഷനെന്ന നിലയില്‍ നിലവിലെ മെസ് ഡ്രസ് പോളിസിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബ്രിട്ടീഷ് സാംസ്കാരിക സ്വത്വത്തിന്റെ വൈവിധ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു,’’ എന്ന് ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി എക്സില്‍ കുറിച്ചു.
