
തിരുവനന്തപുരം: ടി20 ലോകകപ്പിലെ ഹീറോ മലയാളി താരം സഞ്ജു സാംസണ് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സഞ്ജു സ്വന്തം നാട്ടില്‍ വിമാനമിറങ്ങിയത്. ഇന്ത്യന്‍ ഓപ്പണരെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, എംപി എ എ റഹീം എന്നിവരും സഞ്ജുവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണങ്ങള്‍ സഞ്ജുവിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നല്‍കുകയെന്ന് ശിവന്‍കുട്ടി അറിയിച്ചു.
നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനകൊണ്ടാണ് ഇത്തരത്തില്‍ ഒരു ഫലം കിട്ടിയതെന്നും ഇതൊരു വലിയ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നുവെന്നും സഞ്ജു വ്യക്തമാക്കി. നിങ്ങളെല്ലാവും വലിയ രീതിയില്‍ പിന്തുണച്ചുവെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് റണ്‍വേട്ടയില്‍ വെറും അഞ്ച് മത്സരങ്ങള്‍ കളിച്ചാണ് 321 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ മാത്രം നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.


