കോഴിക്കോട്: മുതിര്‍ന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സമസ്തയെ പ്രതിരോധിച്ച് മുസ്ലീം ലീഗ്. കയ്യില്‍ ഒരു വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള സംഘടനയല്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതസാമൂഹിക വിദ്യാഭ്യാസ മേഖലയിലെ സമസ്തയുടെ പങ്ക് വിസമരിച്ചുകൊണ്ട് ദിവസങ്ങളോളം ‘വടികൊണ്ട് അടിക്കുന്നത്’ ഭംഗിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.

‘കയ്യില്‍ വടി കിട്ടിയാല്‍ നിരന്തരം അടിക്കാനുള്ള ഒരു സംഘടനയല്ല സമസ്ത കേരള ജമംഇയ്യത്തുല്‍ ഉലമ. മതസാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഒരു എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ സ്ഥാപിച്ച് നടത്തുന്നുണ്ടിവിടെ. അത്തരത്തില്‍ ഒരു സംഘടനയെ വടികിട്ടിയാല്‍ അടിക്കുന്നമാതിരി ദിവസങ്ങളോളം കൊണ്ടു പോകുന്നത് ഭംഗിയല്ല. അത് മാധ്യമങ്ങള്‍ക്കും ബാധകമാണ്. അടിക്കുന്നതിന് പരിധിയുണ്ട്. പരിധി വിടരുത്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള പാതിരാമണ്ണില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ആയിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം ഉണ്ടായത്.