മഹാരാഷ്ട്ര: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മഹാരാഷ്ട്ര കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ മുരുംകർ പാർട്ടിയിൽ നിന്ന് രാജിവച്ചു. പാട്ടീൽ ഇന്ന് ബിജെപി ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാൻവിസിൻ്റെയും സാന്നിധ്യത്തിൽ ബസവരാജ് പാട്ടീൽ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരം. പാട്ടീൽ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡൻവിസിനെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി കണ്ടിരുന്നു.
മറാത്ത്വാഡ മേഖലയിൽ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്. ആദ്യ ടേമിൽ അദ്ദേഹം സംസ്ഥാന മന്ത്രിയായിരുന്നു. 2019ൽ ബിജെപി നേതാവ് അഭിമന്യു പവാറാണ് പാട്ടീലിനെ പരാജയപ്പെടുത്തിയത്. അതേസമയം, പാട്ടീലിൻ്റെ രാജി വാർത്തകൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ നിഷേധിച്ചു. പാട്ടീലിൽ നിന്ന് രാജിയുമായി ബന്ധപ്പെട്ട് ഒരു കത്തും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“ബസവ്രാജ് പാട്ടീലിൽ നിന്ന് രാജിക്കത്ത് ലഭിച്ചിട്ടില്ല. അദ്ദേഹം സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റാണ്, എന്നാൽ അദ്ദേഹം വളരെക്കാലമായി ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ല”-പടോലെ പറഞ്ഞു. നേരത്തെ അശോക് ചവാൻ, മിലിന്ദ് ദിയോറ, ബാബ സിദ്ദിഖി എന്നിവരുൾപ്പെടെ നിരവധി മുതിർന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടിരുന്നു.