ന്യൂഡല്‍ഹി: ഗുസ്തി അവസാനിപ്പിച്ച് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായി ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്.
താരങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയാ പറഞ്ഞു. അതിക്രമം നേരിട്ട താരങ്ങള്‍ കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി.
മുൻ ഗുസ്തി അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നൽകി പ്രതിഷേധവുമായി രംഗത്തെത്തിയ സാക്ഷി മാലിക്, ബജ്റംഗ് പുനിയ, വിനേഷ് ഫോഗട് എന്നിവരാണ് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിനു പിന്നാലെ പത്രസമ്മേളനം നടത്തിയത്. അതിനിടെയാണ് സാക്ഷിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഷൂ എടുത്തുയർത്തിയാണ് താരം ഗുസ്തി കരിയർ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. പിന്നീട് ഷൂ ഉപേക്ഷിച്ചാണ് വാർത്താ സമ്മേളനത്തിൽ നിന്നു മടങ്ങിയത്.
ബ്രിജ് ഭൂഷൻ ശരൺ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന് കായിക മന്ത്രി രേഖാമൂലം പറഞ്ഞിരുന്നു. എന്നാൽ വനിതാ താരങ്ങൾക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ഗുസ്തി താരം ബജ്റംഗ് പുനിയ പറഞ്ഞു. ഇനി ജുഡീഷ്യറിയിൽ മാത്രമാണ് വിശ്വാസമെന്നും ചിലപ്പോൾ പോരാട്ടം തലമുറകൾ തുടരേണ്ടി വരുമെന്നും താരം പ്രതികരിച്ചു.
ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ് ഇന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിജ് ഭൂഷന് ശരണ്‍ സിങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. ബ്രിജ് ഭൂഷന്റെ പാനലിനു തന്നെയാണ് തെരഞ്ഞെടുപ്പില്‍ ആധിപത്യം.
ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് രാവിലെയായിരുന്നു. അനിത ഷെറോണിനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 40 വോട്ടുകളാണ് സഞ്ജയ് സിങ് നേടിയത്. യുപി ഗുസ്തി അസോസിയേഷന് വൈസ് പ്രസിഡന്റായി ദീര്‍ഘ നാളായി പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സഞ്ജയ് സിങ്.