പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിനടുത്ത് ഇലവുങ്കലിലാണ് അപകടമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അറുപതോളം പേരുണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഇരുപതോളം പേരെ പുറത്തെടുത്തതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. പരിക്കേറ്റ അയ്യപ്പ ഭക്തരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വിവിധ ഭാഗങ്ങളിൽ നിന്ന് ആംബുലൻസുകളും ഫയർഫോഴ്സ് യൂണിറ്റുകളും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇലവുങ്കൽ എരുമേലി റോഡിലെ മൂന്നാം വളവിലാണ് അപകടമുണ്ടായത്. കുട്ടികളടക്കമുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. നെറ്റ് വർക്ക് ലഭ്യമല്ലാത്ത സ്ഥലത്താണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ ചിലരെ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.