കൊച്ചി: പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. അപകടം എങ്ങനെ സംഭവിച്ചു എന്നതിൽ ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസർ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണൻ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റു. ഇലവുങ്കൽ -എരുമേലി റോഡിലെ മൂന്നാം വളവിൽ വച്ച് മയിലാടുംതുറ സ്വദേശികളായ തീർത്ഥാടകർ ശബരിമല ദർശനം നടത്തി മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്. ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമാണ്.
അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വളവിൽ അമിത വേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാകാം എന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ ബസിന് സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പരിക്കേറ്റവരെ കോട്ടയത്തെയും പത്തനംതിട്ടയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.