
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നു. വിഷയത്തിൽ തുടർനടപടി എന്താകണമെന്നത് തീരുമാനിക്കാനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം കൈമാറി.
ഇതിനായി ജൂൺ 15ന് ജില്ലാ കമ്മിറ്റി യോഗം ചേരും. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ സ്വഭാവവും വ്യാപ്തിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന.
ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച വിവാദം പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, വിഷയത്തെ മയപ്പെടുത്തിയ സമീപനമാണ് സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് പിന്നീട് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. ഇതോടെയാണ് വിഷയത്തിൽ കർശന നിലപാടിലേക്ക് പാർട്ടി നീങ്ങിയത്.

2017-18 കാലഘട്ടത്തിൽ ദിവസം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു. തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ മാത്രമാണ് സിപിഎം ഇതുവരെ തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിനെതിരെ സംഘടനാപരമായ നടപടികൾ ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
സിപിഎം ജില്ലാ നേതൃത്വവുമായി അകൽച്ച നിലനിന്നിരുന്ന പത്മകുമാർ കഴിഞ്ഞ ആഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. ഇതിനിടെയാണ് അദ്ദേഹത്തിനെതിരായ നടപടിയെക്കുറിച്ചുള്ള നിർണായക ചർച്ചകൾക്കായി ജില്ലാ കമ്മിറ്റിക്ക് ചുമതല നൽകിയത്. പാർട്ടിയുടെ അന്തിമ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.


