
ന്യൂഡൽഹി: ഇസ്ലാമാബാദിൽ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) രാഷ്ട്രത്തലവൻമാരുടെ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്. ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് എസ്.സി.ഒ അംഗരാജ്യങ്ങൾ.
അതിർത്തി കടന്നുള്ള ഭീകരതയുടെ പേരിൽ ഇന്ത്യ- പാക് നയതന്ത്ര ബന്ധത്തിൽ വിള്ളൽ നിലനിൽക്കെയാണ് ജയശങ്കറിന്റെ സന്ദർശനം. 2015ൽ സുഷമ സ്വരാജാണ് ഒടുവിൽ പാകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി. ഉച്ചകോടിയിൽ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം പങ്കെടുക്കുമെന്നും സന്ദർശനം ഇതിന് വേണ്ടി മാത്രമാണെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉച്ചകോടിയിലേക്ക് പാകിസ്ഥാൻ ക്ഷണിച്ചിരുന്നു. 2019 ഫെബ്രുവരിയിൽ പുൽവാമയിലെ പാക് ഭീകരാക്രമണത്തിനും അതിന് തിരിച്ചടിയായി ബാലാക്കോട്ടിലെ ജെയ്ഷെ ഭീകര പരിശീലന ക്യാമ്പിൽ ഇന്ത്യയുടെ വ്യോമാക്രമണത്തിനും ശേഷം നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിനെ പാകിസ്ഥാൻ അന്താരാഷ്ട്ര വേദികളിൽ അടക്കം എതിർത്തതും ബന്ധം വഷളാക്കി. എങ്കിലും പ്രാദേശിക സുരക്ഷാ സഹകരണം ലക്ഷ്യമിടുന്ന ഉച്ചകോടിയിൽ പങ്കെടുക്കണമെന്ന നിലപാടിലാണ് ജയശങ്കറിനെ അയയ്ക്കുന്നത്.
