തിരുവനന്തപുരം: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ റഷ്യൻ യുവതിക്ക് നിയമസഹായം നൽകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. യുവതിയുടെ മൊഴിയെടുക്കാൻ കോഴിക്കോട് നിന്നുള്ള ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്ത് കോഴിക്കോട് റൂറൽ എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു.
പ്രതി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ റഷ്യൻ യുവതിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കമ്മിഷൻ പൊലീസിന് നിർദ്ദേശം നൽകി. കേസിന്റെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.