മോസ്കോ: റഷ്യ -യുക്രൈൻ രണ്ടാം വട്ട ചർച്ച ആരംഭിച്ചു. ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചാണ് ചർച്ച നടക്കുന്നത്. മുൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് ചർച്ച ആരംഭിച്ചത്. വെടിനിർത്തൽ മുഖ്യ അജണ്ടയെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചത്. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് പുടിൻ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നേരിട്ടു സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി ആവർത്തിച്ച് അറിയിച്ചു. യുദ്ധം നിർത്താൻ ഏക പോവഴി നേരിട്ടുള്ള ചർച്ചയാകുമെന്നും അതിന് താൻ ആഗ്രഹിക്കുന്നുവെന്നുമാണ് സെലെൻസ്കി വ്യക്തമാക്കിയത്.
അതിനിടെ ഒഡേസ, ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ ആക്രമണത്തിന് റഷ്യ പദ്ധതിയിടുകയാണ്. ഒഡേസയിൽ ആക്രമണത്തിന് ലക്ഷ്യമിട്ട് കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. റഷ്യൻ നാവിക വിഭാഗമാണ് സേനയാണ് വിന്യസിച്ചത്. ഡോൺബാസ്, കീവ് നഗരങ്ങൾ കേന്ദ്രീകരിച്ചും കൂടുതൽ ആക്രമണം റഷ്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കുടുതൽ ആക്രമണങ്ങളുണ്ടാകാനാണ് സാധ്യത. ഇന്ന് മരിയോപോളും കേഴ്സനും റഷ്യൻ നിയന്ത്രണത്തിലായി.കേഴ്സൻ പിടിച്ചത് നേട്ടമായാണ് റഷ്യൻ വിലയിരുത്തൽ. കരിങ്കടലിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവിലേക്കുള്ള പാതയും റഷ്യ കീഴടക്കി. യുക്രൈനിൽ കടന്ന റഷ്യൻ സൈന്യം എട്ട് ദിവസത്തിന് ശേഷമാണ് കേഴ്സൻ നഗരം പിടിച്ചെടുത്തത്.
