കീവ്: ആയുധം വെച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം നിരാകരിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. അവസാന നിമിഷം വരെയും പോരാടുമെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും സെലൻസ്കി വ്യക്തമാക്കി. അദ്ദേഹം ഒടുവിൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിന്നാണ് വീഡിയോ സന്ദേശം പകർത്തിയിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ രാജ്യത്തിന് വേണ്ടി, ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടി അവസാനം വരെ പോരാട്ടം തുടരുമെന്ന് സെലൻസ്കി പറഞ്ഞു. താൻ ബങ്കറിൽ പോയി ഒളിച്ചുവെന്നും സൈന്യത്തിനോട് കീഴടങ്ങാൻ നിർദേശം നൽകിയെന്നുമുള്ള വാദം വെറും വ്യാജപ്രചാരണം മാത്രമാണെന്നും എവിടെയും പോയി ഒളിച്ചിട്ടില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം കീവിലുള്ള തന്ത്രപ്രധാനമായ സൈനിക കെട്ടിടം തകർക്കാനുള്ള റഷ്യയുടെ നീക്കം യുക്രെയ്ൻ തകർത്തുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിനോടകം 3,500 റഷ്യൻ പട്ടാളക്കാരെ വധിച്ചുവെന്നും 200 പേരെ യുദ്ധ തടവിലാക്കിയെന്നുമാണ് യുക്രെയ്ന്റെ മറ്റൊരു അവകാശവാദം. ഇക്കാര്യം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.