തിരുവനന്തപുരം: തിരുവിതാംകൂറിലെ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയെ മോശമായി ചിത്രീകരിച്ച വെബ്സീരിസിനെതിരെ പ്രതിഷേധവുമായി രാജകുടുംബം. റോക്കറ്റ് ബോയ്സ് എന്ന വെബ്സീരിസിനെതിരെയാണ് രാജകുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയത്. സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമായ കാര്യങ്ങളാണ് വെബ്സീരീസില്‍ കാണിക്കുന്നതെന്ന് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ആരോപിച്ചു. വെബ്സീരീസ് അവസാനിപ്പിക്കണമെന്നും വേണ്ടി വന്നാല്‍ നിയമ നടപടികളിലേക്ക് കടക്കുമെന്നും രാജകുടുംബം പറയുന്നു.
സ്വതന്ത്ര ഇന്ത്യ നടത്തിയ ശാസ്ത്ര ഗവേഷണ മുന്നേറ്റങ്ങളുടെ കഥ പറയുന്ന വെബ്സീരീസാണ് റോക്കറ്റ് ബോയ്സ്. വെബ്സീരീസില്‍ ജവഹര്‍ലാല്‍ നെഹ്രുവും ഇന്ത്യയുടെ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന് ഹോമി ജെ.ഭാഭയും മഹാരാജവും നടത്തുന്ന സംഭാഷണ രംഗത്തിലാണ് അപകീര്‍ത്തികരമായ പരാമര്‍ശമുള്ളത്. തിരുവിതാംകൂറിലെ മോണോസൈറ്റ് നിക്ഷേപം രാജ്യത്തിനു ലഭ്യമാക്കുന്നതിനെ കുറിച്ച് ചിത്തിര തിരുനാളും നെഹ്റുവും ഭാഭയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നതാണ് രംഗം. തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമല്ലാത്തതിനാല്‍ നെഹ്റുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാദ്ധ്യസ്ഥരല്ലെന്നും വിപണിയില്‍ മറ്റുള്ളവര്‍ നല്കുന്ന വിലയ്ക്ക് മോണോസൈറ്റ് നല്കാന് സന്നദ്ധമാണെന്നും ചിത്തിര തിരുനാള്‍ പറയുന്നതായി വെബ്സീരിസിലുണ്ട്.
തുടര്‍ന്നുള്ള രംഗങ്ങളില്‍ നെഹ്റുവിന്റെ അസാന്നിദ്ധ്യത്തില്‍ ചിത്തിര തിരുനാളിനെതിരെ ഭാഭ അഴിമതി ആരോപണം ഉന്നയിക്കുന്നതായി വെബ്സീരീസിലുണ്ട്. 50000 ടണ്‍ മോണോസൈറ്റു മാത്രം കയറ്റുമതി ചെയ്യാന്‍ അനുമതിയുണ്ടായിരിക്കേ, മൂന്നു ലക്ഷം ടണ്‍ യൂറോപ്പിലേക്ക് കയറ്റി അയച്ചെന്നും അതിന്റെ പങ്ക് നിയമ വിരുദ്ധമായി കൈപ്പറ്റിയെന്നും ഭാഭ പറയുന്ന രംഗമാണ് വെബ്സീരിസിലുള്ളത്. എത്ര കയറ്റുമതി ചെയ്യണമെന്നതും ആര്‍ക്ക് നല്‍കണമെന്നതും തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചിത്തിര തിരുനാള്‍ പറയുന്നത്. പല രാജാക്കന്മാരുടെയും അന്ത്യം വിഷം ഉള്ളില്‍ച്ചെന്നും ശിരഛേദം സംഭവിച്ചുമാണെന്ന് അറിയാമല്ലോയെന്ന് ഭാഭ ഭീഷണിപ്പെടുത്തുന്ന രംഗങ്ങളും വെബ്സീരിസിലുണ്ട്. ഇതിനെതിരെയാണ് രാജകുടുംബം രംഗത്തെത്തിയത്.