തൃശ്ശൂർ: കനത്ത സുരക്ഷയിൽ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് റിപ്പർ ജയാനന്ദൻ. രാവിലെ 11.30ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയാനന്ദന്റെ മകളുടെ വിവാഹം.
ജയാനന്ദനെ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വടക്കുന്നാഥ ക്ഷേത്രത്തിനും പരിസരത്തിനും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിയ്യൂർ അതീവസുരക്ഷാ ജയിലിൽ നിന്ന് 9.30 ഓടെ ഇയാളെ വടക്കുന്നാഥനിലെത്തിച്ചു. തുടർന്ന് വധുവും വരനും ക്ഷേത്രത്തിനുള്ളിലേക്ക് പോയി. ജയാനന്ദനും ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളുമായിരുന്നു മകൾക്കൊപ്പമുണ്ടായിരുന്നത്. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാർത്ഥിയായിരുന്നു വരൻ. ക്ഷേത്ര നട അടച്ചതിനാൽ രാവിലെ 11 മണി വരെ ഇലഞ്ഞിത്തറ ഗോപുരത്തിന് സമീപം വധൂവരന്മാര് കാത്തുനിന്നു. പതിനൊന്നേ കാലോടെ താലികെട്ട്. ജയാനന്ദൻ വധുവിന്റെ കൈപിടിച്ച് നല്കി.
സദ്യയ്ക്ക് ശേഷം ജയാനന്ദനെ പൊലീസ് ജീപ്പിൽ വിയ്യൂർ ജയിലിലേക്ക് തിരിച്ച് കൊണ്ടുപോയി. ജയാനന്ദന്റെ മകളാണ് ഭാര്യയുടെ അപേക്ഷയുമായി ഹൈക്കോടതിയിൽ ഹാജരായത്. രണ്ട് ദിവസത്തെ എസ്കോർട്ട് പരോളായിരുന്നു കോടതി അനുവദിച്ചത്. ഇന്നലെ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ജയാനന്ദനെ വൈകുന്നേരത്തോടെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. വിവാഹചടങ്ങുകളിൽ പങ്കെടുക്കാനാണ് ഇയാളെ ഇന്ന് വീണ്ടും പൊലീസ് കാവലിൽ പുറത്തെത്തിച്ചത്. മാള ഇരട്ടക്കൊലപാതകം, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലപാതകം തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. ജീവിതാവസാനം വരെ കഠിനതടവാണ് കോടതി വിധിച്ചത്.