ന്യൂഡൽഹി: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർബിഐ). ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്നും ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏകകണ്ഠമായിട്ടാണ് തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. റിസർവ് ബാങ്ക് ആസ്ഥാനത്ത് 2023 -24 സാമ്പത്തിക വർഷത്തെ യോഗം നടന്നിരുന്നു. ഈ യോഗത്തിലെടുത്ത തീരുമാനമാണ് ഗവർണർ പ്രഖ്യാപിച്ചത്. ലോകരാജ്യങ്ങളെയെല്ലാം പണപ്പെരുപ്പം ബുദ്ധിമുട്ടിക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തികസ്ഥിതി വളരെയേറെ മെച്ചപ്പെട്ടെന്നും 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ കൊവിഡിന് മുൻപുള്ള സ്ഥിതിയിലേക്ക് രാജ്യത്തെ ജി ഡി പി എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു.
ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് റിപ്പോ നിരക്ക് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. മോണിറ്ററി പോളിസി കമ്മിറ്റി രൂപീകരിച്ചതിന് ശേഷമുള്ള നാൽപ്പത്തിമൂന്നാമത്തെ യോഗമാണ് ഇപ്പോൾ നടന്നത്.